| ഭരണം | പരിസ്ഥിതി |
29/08/2003
കൊക്കകോളയും പെപ്‌സിയും ഉള്‍പ്പെടെ പന്ത്രണ്ട് ശീതളപാനീയ ബ്രാന്‍ഡുകളില്‍ ഡി.ഡി.ടി, മാലത്തിയോണ്‍ തുടങ്ങി മാരകമായ കീടനാശിനികള്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ടെന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ തുടരുകയാണ്. സി.എസ്.ഇയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സമര്‍ഥിക്കാന്‍ വിപണിയിലെ വമ്പന്മാരായ കോളയും പെപ്‌സിയും പരസ്യങ്ങളിലൂടെ ശ്രമിച്ചുവെങ്കിലും ഓരോ ബ്രാന്‍ഡിലും അടങ്ങിയ കീടനാശിനിയുടെ തോത് കൃത്യമായി പറയുന്ന സി.എസ്.ഇ റിപ്പോര്‍ട്ട് നിഷേധിക്കാനുതകുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഇരുകൂട്ടര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അന്വേഷണവും പരിശോധനയും സ്വതന്ത്രവും സത്യസന്ധവുമായിരിക്കുമോ അതോ പണവും ശക്തിയും സ്വാധീനവുമുളള കുത്തക കമ്പനികളുടെ സമ്മര്‍ദങ്ങള്‍ക്കുവഴങ്ങി അന്വേഷണത്തില്‍ വെളളം ചേര്‍ക്കേണ്ടിവരുമോ എന്നൊക്കെയുളള സംശയം നിലനില്‍ക്കെയാണ്, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത് പരിശോധിച്ച കോള സാമ്പിളുകളില്‍ വലിയ കുഴപ്പമൊന്നുമില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പി. ശങ്കരന്‍ പ്രസ്താവിച്ചത്. ഇതോടെ, സര്‍ക്കാര്‍ കൊക്കകോളക്ക് കൂട്ടുനില്‍ക്കുകയാണെന്ന പ്ലാച്ചിമടയിലെ കോളവിരുദ്ധ സമരസമിതിയുടെ ആരോപണം കൂടുതല്‍ ശക്തമായിരിക്കുകയാണ്. പ്രശ്‌നം കൂടുതല്‍ വഷളാകേണ്ട എന്ന് കരുതിയാവണം, മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലും ദേശീയ അംഗീകാരമുളള മറ്റു രണ്ടു ലബോറട്ടറികളിലും സാമ്പിള്‍ പരിശോധന നടത്തുമെന്നും കോളയില്‍ ഏതെങ്കിലും വിധത്തിലുളള മാലിന്യമുണ്ടെന്ന് തെളിയുന്നപക്ഷം വിട്ടുവീഴ്ചയില്ലാത്ത നടപടി കൈക്കൊളളുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ ഏതുനിയമത്തിന്റെ പിന്‍ബലത്തോടെയാണ് കൊക്കകോളക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും ശീതളപാനീയ ബ്രാന്‍ഡുകള്‍ക്കോ എതിരെ നടപടിയെടുക്കുക? അവ്യക്തവും നിരര്‍ഥകവുമായ ഏതാനും നിയമങ്ങളാണ് ശീതളപാനീയ നിര്‍മാണവുമായി ബന്ധപ്പെട്ടു ഇന്ത്യയില്‍ നിലവിലുളളത്. 1954ലെ കേന്ദ്ര ഭക്ഷ്യ(മായം ചേര്‍ക്കല്‍ നിരോധ) നിയമത്തിന്റെയോ 19955ലെ ഫ്രൂട്ട്‌സ് പ്രോഡക്ട്‌സ് ഓര്‍ഡറിന്റെയോ അതുമല്ലെങ്കില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് ചട്ടങ്ങളുടെയോ കീഴില്‍ കൊക്കകോളയെ കോടതി കയറ്റാന്‍ സാധ്യമല്ല. ""കുറ്റം പറയേണ്ടത് കൊക്കകോളയെയോ പെപ്‌സിയെയോ ഒന്നുമല്ല. നിലവിലുളള നിയമങ്ങളുടെ അപര്യാപ്തതയെയും കര്‍ശനമായ ചട്ടങ്ങളുടെ അഭാവത്തെയുമാണ്. ശീതളപാനീയം നിരോധിക്കുകയോ കുപ്പികള്‍ പൊട്ടിക്കുകയോ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ശീതളപാനീയവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ദുര്‍ബലമായ ചട്ടങ്ങള്‍ മാറ്റുകയാണ് വേണ്ടത്'' എന്ന് സി.എസ്.ഇയുടെ നിര്‍ദേശം ഈ ബഹളങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്.
അമേരിക്കയിലോ യൂറോപ്പിലോ ആണെങ്കില്‍ മതിയായ ഗുണനിലവാരം പാലിക്കാതെ ഒരു ശീതളപാനീയ ബ്രാന്‍ഡിനും നിലനില്‍ക്കാന്‍ കഴിയുകയില്ല. അത്രക്ക് വ്യക്തവും ശക്തവും നടപ്പിലാക്കാന്‍ കഴിയുന്നതുമായ നിയമങ്ങളാണ് ശീതളപാനീയ നിര്‍മാണവുമായി ബന്ധപ്പെട്ട് അവിടങ്ങളില്‍ നിലനില്‍ക്കുന്നത്. പാനീയങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന വെളളം ഏതുവിധത്തിലുളളതായിരിക്കണമെന്ന കൃത്യമായ നിര്‍ദേശങ്ങള്‍ അവിടത്തെ നിയമങ്ങളിലുണ്ട്. ഉദാഹരണത്തിന്, കുപ്പികളില്‍ അടച്ചുവില്‍ക്കുന്ന വെളളത്തിന്റെ ഗുണനിലവാരം ശീതളപാനീയ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെളളത്തിനും ഉണ്ടായിരിക്കണമെന്ന് അമേരിക്കന്‍ നിയമം അനുശാസിക്കുന്നു. കുപ്പിവെളളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത് യു.എസ് ഫുഡ് ആന്‍ഡ് ഡ്രിഗ് അഡ്മിനിസ്‌ട്രേഷന്‍ നിയമത്തിനു കീഴിലാണ്. അതായത് കുപ്പികളില്‍ അടച്ചുവില്‍ക്കുന്ന വെളളം ഭക്ഷ്യവസ്തു എന്ന ഇനത്തിലാണ് പെടുന്നത്. അതുകൊണ്ടുതന്നെ ശീതളപാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളളവും ഫുഡ് കാറ്റഗറിയില്‍ പെടുന്നു. കുപ്പിവെളളത്തിന്റെ കാര്യത്തില്‍ പാലിക്കേണ്ട എല്ലാ നിബന്ധനകളും ശീതളപാനീയത്തിന്റെ കാര്യത്തിലും ബാധകമാണ്. ഇതിനുപുറമെ, പരിസ്ഥിതി സംരക്ഷണ ഏജന്‍സിക്ക്(ഇ.പി.എ) കീഴില്‍, പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിറിത്തി രൂപവല്‍ക്കരിക്കപ്പെട്ട സുരക്ഷിത കുടിവെളള നിയമം കൃത്യമായ നിര്‍ദേശങ്ങള്‍ കുടിവെളളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചു നല്‍കുന്നുണ്ട്. ഇതുപോലെ യൂറോപ്യന്‍ ഇക്കണോമിക് കൗണ്‍സിലും(ഇ.ഇ.സി)കുടിവെളളത്തെ സംശയങ്ങള്‍ക്കിടയില്ലാത്തവിധം ശീതളപാനീയത്തിനുപയോഗിക്കുന്ന വെളളത്തില്‍ ഉണ്ടായിരിക്കണമെന്ന് ഇ.ഇ.സിയും കര്‍ശനമായി വ്യവസ്ഥ ചെയ്യുന്നുണ്ട്.
എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അതല്ല. ശീതളപാനീയങ്ങള്‍ മിക്കവയും എല്ലാ ചട്ടങ്ങള്‍ക്കും പുറത്താണ്. കേന്ദ്രഭക്ഷ്യ(മായം ചേര്‍ക്കല്‍ നിരോധ)നിയമത്തിലെ 65-ാം ചട്ടപ്രകാരം ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനികളുടെ അളവ് നിയന്ത്രിക്കപ്പെടുന്നുണ്ട്. പക്ഷേ ഭക്ഷ്യവസ്തുക്കളില്‍ ശീതളപാനീയങ്ങള്‍ ഉള്‍പ്പെടുന്നില്ല. മറുഭാഗത്ത് ശീതളപാനീയങ്ങളുടെ ഗുണനിലവാരം നിര്‍ദേശിക്കുന്നിടത്ത് കീടനാശിനികളെപ്പറ്റി ഒന്നും പറയുന്നില്ല. പഴരസങ്ങളോ പഴങ്ങളുടെ പള്‍പ്പോ അടങ്ങിയിട്ടില്ലാത്ത, അല്ലെങ്കില്‍ ഇവ 10 ശതമാനത്തില്‍ കുറവുമാത്രം അടങ്ങിയിട്ടുളള മധുരം ചേര്‍ത്തുണ്ടാക്കുന്ന ലഘുപാനീയങ്ങള്‍ക്ക് ബാധകമാകുന്ന ഫ്രൂട്ട്‌സ് പ്രോഡക്ട് ഓര്‍ഡറില്‍ പാനീയങ്ങളുടെ പൊതുസ്വഭാവം വ്യാഖ്യാനിക്കുന്നുണ്ട്. എന്നാല്‍ കുടിക്കാന്‍ പറ്റുന്ന വെളളമായിരിക്കണം ഇത്തരം പാനീയങ്ങളില്‍ ഉപയോഗിക്കേണ്ടതെന്നും ആവശ്യമാണെങ്കില്‍ ഒരു ലൈസന്‍സിംഗ് ഓഫീസര്‍ക്ക് ഇവയുടെ സാമ്പിളുകള്‍ ദേശീയ അംഗീകാരമുളള ലബോറട്ടറിയില്‍ രാസപരിശോധനയോ ബാക്ടീരിയോളജിക്കല്‍ പരിശോധനയോ നടത്താവുന്നതാണെന്നും മാത്രമാണ് പാനീയങ്ങളില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെപ്പറ്റി ഈ ഓര്‍ഡറില്‍ പറയുന്നത്. കുടിക്കാന്‍ പറ്റുന്ന വെളളം എന്നല്ലാതെ കുടിവെളളത്തിനുണ്ടായിരിക്കേണ്ട ഗുണനിലവാരത്തെപ്പറ്റി ഒന്നും പറയാത്ത ഈ നിയമവും ശീതളപാനീയങ്ങളിലെ കീടനാശിനികളുടെ സാന്നിധ്യം നിയന്ത്രിക്കാന്‍ പര്യാപ്തമല്ല.
ഇനിയുളളത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ്, നിശ്ചയിച്ചിട്ടുളള നിലവാരങ്ങളാണ്. ഇതിന്റെ ഐ.എസ് 23 ചട്ടത്തില്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് ബാധകമാവുന്ന വ്യവസ്ഥകളും നിര്‍ദേശിക്കുന്നുണ്ട്. ഇത്തരം പാനീയങ്ങളിലെ പ്രധാനമായ അസംസ്കൃത വസ്തുവാണ് വെളളമെന്നും പാനീയത്തിന്റെ ഗുണനിലവാരം അതുണ്ടാക്കാന്‍ ഉപയോഗിച്ച അസംസ്കൃത വസ്തുക്കളെ ആശ്രയിച്ചിരിക്കുന്നുവെന്നും ഈ രേഖയുടെ ആമുഖത്തില്‍ വ്യക്തമായി പറയുന്നു. പാനീയങ്ങളുടെ ഗുണനിലവാരം തിട്ടപ്പെടുത്തേണ്ട രീതികളെക്കുറിച്ചും രേഖയില്‍ പറയുന്നുണ്ട്. അതേസമയം, പാനീയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ വെളളത്തെപ്പറ്റി പരാമര്‍ശമേയില്ല. മാത്രമല്ല, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ നിര്‍ദേശങ്ങള്‍ വേണമെങ്കില്‍ മാത്രം പാലിച്ചാല്‍ മതി. ഇവിടെയും ശീതളപാനീയ നിര്‍മാതാക്കള്‍ക്ക് എളുപ്പത്തില്‍ തലയൂരാം. 1951ലെ വ്യവസായ(വികസനവും നിയന്ത്രണവും) നിയമത്തിനുകീഴില്‍ വരുന്ന ലൈസന്‍സ് വ്യവസ്ഥയില്‍ നിന്നു പോലും ശീതളപാനീയങ്ങള്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഓരോ മന്ത്രാലയവും സ്വന്തമായ രീതിയിലാണ് ഓരോന്നിനും നിലവാരം നിശ്ചയിക്കുന്നത്. ഇന്ത്യയിലെ ഭക്ഷ്യ വ്യവസായത്തിന് ബാധകമാകുന്ന 14 നിയമങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഓരോന്നിനും ഓരേ നിയമവും വ്യത്യസ്ത നിലവാരമാണ് നിര്‍ദേശിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് ഇതിനകം പതിനേഴായിരത്തോളം ഇനങ്ങളുടെ നിലവാരം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന 168 ഇനങ്ങള്‍ക്ക് മാത്രമാണ് ബ്യൂറോ നിശ്ചയിച്ചിട്ടുളള നിലവാരം നിര്‍ബന്ധമാക്കിയിട്ടുളളത്.
ഇന്ത്യയില്‍ ഐ.എസ്.ഐ മുദ്രയോടെ വില്‍ക്കപ്പെടുന്ന കുപ്പിവെളളത്തിന്റെ മിക്ക ബ്രാന്‍ഡുകളിലും കീടനാശിനികളുടെ അംശം നിര്‍ദിഷ്ടമായ അളവിനെക്കാള്‍ എത്രയോ കൂടുതലാണെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ സി.എസ്.ഇ പുറത്തിറക്കിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുപ്പിവെളളത്തിലെ കീടനാശിനികളുടെ അളവ് പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കയാണ്. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 18ന് പുറത്തിറക്കിയ ഉത്തരവ് അടുത്തവര്‍ഷം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. കുപ്പിവെളളത്തിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ ശീതളപാനീയങ്ങള്‍ക്കും കര്‍ശനമായ ചട്ടങ്ങളും വ്യവസ്ഥകളുമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കാം. കുത്തക കമ്പനികള്‍ ഇടപെട്ട് അന്വേഷണവും പരിശോധനാഫലവും തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കാനുളള സാധ്യതയും തളളിക്കളയാനാവില്ല. കാസര്‍കോട് ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപരിസ്ഥിതി പ്രശ്‌നങ്ങളെപ്പറ്റി പലതരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോര്‍ക്കുക. കോര്‍പറേറ്റ് വമ്പന്മാര്‍ക്ക് മന്ത്രാലയങ്ങളെ സ്വാധീനിച്ചു ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല.
അതെന്തു തന്നെയായാലും കേരളത്തില്‍ കൊക്കകോളക്കെതിരേ നടപടി എടുക്കേണ്ടതുണ്ടോ എന്ന് നിശ്ചയിക്കുന്നത് കോള പാനീയത്തില്‍ കീടനാശിനികളുടെ അംശം അടങ്ങിയിട്ടുണ്ടോ എന്നതിനെ മാത്രം ആശ്രയിച്ചാകുന്നത് എന്തുകൊണ്ടാണ്? കൊക്കകോള ഫാക്ടറി തുടക്കത്തില്‍ വളമായി കര്‍ഷകര്‍ക്ക് വില്‍ക്കുകയും പിന്നീട് സൗജന്യമായി വിതരണം നടത്തുകയും ചെയ്ത ചണ്ടിയില്‍ കാഡ്മിയത്തിന്റെയും ലെഡിന്റെയും അളവ് വളരെ കൂടുലാണെന്ന ബി.ബി.സി റിപ്പോര്‍ട്ട് പുറത്തുവന്നതും ഓര്‍ക്കുക. അതിനുശേഷം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കാഡ്മിയത്തിന്റെ അളവ് ഒരു കിലോഗ്രാം ഖരമാലിന്യത്തില്‍ 201.8 മില്ലിഗ്രാം ഉണ്ടെന്നാണ് കണ്ടത്. 50 മില്ലിഗ്രാമില്‍ കൂടുതല്‍ കാഡ്മിയം അടങ്ങിയിട്ടുളള ഏതൊരു വസ്തുവും അപകടകരം എന്ന വിഭാഗത്തില്‍ പെടുന്നതാണ്. അതായത്, ബി.ബി.സിയുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും പരിശോധനാ റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊക്കകോള ഫാക്ടറി ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറന്തളളിയതത്രയും വിഷജന്യമാണ്. 1986ലെ കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമത്തിനുകീഴില്‍ വരുന്ന ഹസാര്‍ഡ്‌സ് വെയ്സ്റ്റ്(മാനേജ്‌മെന്റ് ആന്‍ഡ് ഡിസ്‌പോസല്‍) നിയമം(1996) അനുസരിച്ച് 44 വ്യവസായങ്ങളെ അപകടകരമായ ഖരമാലിന്യം പുറന്തളളുന്നവയായി തരം തിരിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ ശീതളപാനീയ നിര്‍മാണത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ""അതുകൊണ്ടു തന്നെ പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറി പുറന്തളളുന്ന ഖരമാലിന്യം പരിശോധിക്കേണ്ട നിയമബാധ്യതയൊന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനില്ല''- ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ തച്ചില്‍ പറയുന്നു. എന്നിട്ടും ബി.ബി.സി റിപ്പോര്‍ട്ട് വന്നയുടന്‍ നിയമത്തില്‍ അനുശാസിക്കുന്ന വ്യവ്‌സഥകള്‍- ഖരമാലിന്യം വളമായി ഫാക്ടറി വളപ്പില്‍ ഉപയോഗിക്കുകയോ പുറത്തു കൊടുക്കുകയോ ചെയ്യാതിരിക്കുക, മാലിന്യം തുറസായ സ്ഥലങ്ങളില്‍ കൊണ്ടുചെന്നിടാതിരിക്കുക, കോണ്‍ക്രീറ്റ് ടാങ്കുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുക- പാലിക്കാന്‍ ഫാക്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഫാക്ടറി അവ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഇതിനുപുറമെ ഫാക്ടറിയിലെ വായു-ജല മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ തൃപ്തികരമാണെന്നും ബോര്‍ഡ് ചെയര്‍മാന്‍ പറയുന്നു.
പക്ഷേ പ്രശ്‌നങ്ങള്‍ അവിടംകൊണ്ട് അവസാനിക്കുന്നില്ല. പെരുമാട്ടി പഞ്ചായത്തിലെ ആദിവാസികളടക്കമുളള ജനങ്ങള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കൊക്കകോള ഫാക്ടറിക്കെതിരേ പ്രക്ഷോഭത്തിലാണ്. നാലുവര്‍ഷം മുമ്പ് ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചു മാസങ്ങള്‍ക്കുളളില്‍ തന്നെ സമീപപ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലവിതാനം കുറയുന്നതായും കുടിവെളളക്ഷാമം രൂക്ഷമാകുന്നതായും വെളളത്തിനു വൃത്തികെട്ട ചുവ അനുഭവപ്പെടുന്നുണ്ടെന്നും ഒട്ടല്‍ കാരണം കുളിക്കാന്‍പോലും വെളളം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും കൃഷി നശിക്കുന്നുവെന്നുമൊക്കെയുളള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഭൂഗര്‍ഭജലത്തിന്റെ അളവിനെയും ഗുണനിലവാരത്തെയും ബാധിക്കുന്നുണ്ടോ എന്ന രീതിയിലുളള പഠനങ്ങളാണ് പ്ലാച്ചിമടയില്‍ നടന്നിട്ടുളളത്. കമ്പനി ഇത്രയും നാള്‍ പുറന്തളളിയത് അപകടകരമായ മാലിന്യമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ പറയുന്ന സ്ഥിതിക്ക് ഇതു കാരണമുണ്ടായ പ്രശ്‌നങ്ങളെപ്പറ്റി സൂക്ഷ്മവും സമഗ്രവും ശാസ്ത്രീയവുമായ ഒരു പരിസ്ഥിതി ആഘാത പഠനം പ്ലാച്ചിമടയില്‍ ഉടന്‍ നടത്തേണ്ടതല്ലേ? കഴിഞ്ഞ ജനുവരിയില്‍ നിയമസഭാ സമിതി പ്ലാച്ചിമട സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ബി.ബി.സി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ആരോഗ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, ഖരമാലിന്യത്തില്‍ കണ്ട കാഡ്മിയത്തിന്റെയും ലെഡിന്റെയും ഉറവിടത്തെക്കുറിച്ച് നടത്തുന്ന പഠനവും അന്വേഷണവും മതിയാകുമോ ഇക്കാര്യത്തില്‍?
The Quest Features and Footage
30/1896, Sarvamangala, MLA Road, Post Chevayur, Kozhikode 673017, Kerala, India
email: info@questfeatures.org