logo malayalam

| പരിസ്ഥിതി |

കായലില്‍ ഉപേക്ഷിക്കപ്പെട്ടവര്‍

എം. സുചിത്ര/എം.പി. ബഷീര്‍
16/08/2002

canal

കറുത്ത് കൊഴുത്ത് പാട കെട്ടിയ വെളളം. മലവും കീടനാശിനിയും കലര്‍ന്ന്, കൊതുകും ഈച്ചയുമാര്‍ക്കുന്ന ഈ അഴുക്കുവെളളമാണ് കുടിക്കുന്നതെന്ന് ഒരുകൂട്ടം ആളുകള്‍ പറയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം. എലിയും നീര്‍ക്കോലിയും ചത്തുപൊന്തുന്ന ഈ മലിനജലം കുടിക്കേണ്ടി വരുന്നത് വരള്‍ച്ച കൊണ്ടു പൊറുതിമുട്ടിയ ഉത്തരേന്ത്യയിലെ ഏതോ ഗ്രാമത്തിലുളളവര്‍ക്കല്ല.

ഇതു കൈനകരിയാണ്. വിനോദസഞ്ചാരികളുടെ പറുദീസയായ കുട്ടനാട്ടിലെ ഗ്രാമങ്ങളിലൊന്ന്. മലിനജലം കുടിച്ചു കുടിച്ച് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിച്ചുവെന്നു കൈനകരി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കുട്ടപ്പായിയും തങ്കമ്മയും സാബുവും തോമസുമൊക്കെ പറയുന്നു' ""എന്‍ഡോസള്‍ഫാന്‍ ഒരു നൂറുമില്ലി ഒറ്റയടിക്ക് അകത്താക്കിയാലും ഞങ്ങളൊന്നും തട്ടിപ്പോകില്ല''. മാസങ്ങള്‍ക്ക് മുമ്പ ്ഓരുവെളളം കേറിയപ്പോള്‍ മറ്റെവിടെ നിന്നോ കൊണ്ടുവന്ന നല്ല വെളളം കുടിച്ചതു കൊണ്ടാകാം കോളറ പരന്നതെന്നും അഴുക്കുവെളളം ശീലമായ ശരീരത്തിന് ശുദ്ധജലം പിടിച്ചുകാണില്ലെന്നും അവര്‍ തമാശ പറയുന്നു. പുറത്ത് മഴ തിമിര്‍ത്ത് പെയ്യുമ്പോഴും വീട്ടിനകത്ത് ഒരു തുളളി നല്ല വെളളമില്ലാത്ത സ്ഥിതി. എന്നിട്ടും അവര്‍ക്ക് ചിരിക്കാന്‍ കഴിയുന്നുവെന്നതാണ് അത്ഭുതം. "ഞങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം പുറത്തുളളവര്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല. സദാസമയവും വെളളത്തിന് നടുവില്‍ കഴിയുന്നവരാണ് ഞങ്ങള്‍. പക്ഷേ, ശുദ്ധജലം ഞങ്ങള്‍ക്ക് ഇപ്പോഴും ഒരു വിദൂര സ്വപ്നമാണ്. വര്‍ഷം മുഴുവന്‍ ഇതാണ് സ്ഥിതി-'' കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. വിശാഖന്‍ പറയുന്നു.

ആറായിരം വീടുകളും മുപ്പതിനായിരത്തോളം ആളുകളുമുളള കൈനകരിയില്‍ കുടിവെളളമെടുക്കാന്‍ ഒരു ടാപ്പ് പോലുമില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ ഭൂമിക്കടിയില്‍ ദ്രവിച്ചു കിടക്കുന്നു. പൈപ്പ് പോലുമില്ലാത്ത കൈനകരിയില്‍ പക്ഷേ, നാലരലക്ഷം ലിറ്റര്‍ ശേഷിയുളള ഒരു കൂറ്റന്‍ ജലസംഭരണി വാട്ടര്‍ അതോറിട്ടി പണി തീര്‍ത്തിട്ടുണ്ട്. 70 ലക്ഷം രൂപ ചെലവിട്ടു 13 വര്‍ഷം മുമ്പ് സ്ഥാപിച്ച ഈ ടാങ്കില്‍ നിന്ന് ഒരു തുളളി വെളളം പോലും ഇതുവരെ കൈനകരിക്കാര്‍ക്ക് കിട്ടിയിട്ടില്ല. 12 വാര്‍ഡുകളുളള പഞ്ചായത്തില്‍ വെളളം ശുദ്ധീകരിക്കാന്‍ 15 മൈക്രോ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവ കൊണ്ട് വലിയ പ്രയോജനമൊന്നുമുണ്ടായിട്ടില്ല.

കൈനകരിയില്‍ നിന്ന് കാവാലത്തെത്തുമ്പോള്‍ സ്ഥിതി അല്‍പം ഭേദമാണെന്ന് തോന്നാം. അയ്യായിരത്തോളം കുടുംബങ്ങളിലായി 21,000 ആളുകളുളള കാവാലം ഗ്രാമപഞ്ചായത്തില്‍ 216 ടാപ്പുകളുണ്ട്. ബുധനാഴ്ചയും ഞായറാഴ്ചയും മാത്രമേ ടാപ്പില്‍ വെളളംവരൂ. അതും ഒരുമണിക്കൂര്‍. ""അര്‍ധരാത്രിക്ക് ശേഷമാണ് മിക്കപ്പോഴും വെളളമെത്തുന്നത്. ഞങ്ങളൊക്കെ ഉറക്കമിളച്ച് കാത്തിരിക്കും. അല്ലാതെന്ത് ചെയ്യും? വെളളം വന്നു തുടങ്ങിയാല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫോണുളള വീടുകളില്‍ വിളിച്ചുപറയും. അതല്ലെങ്കില്‍ ആരെങ്കിലും കൂവി വിളിച്ചറിയിക്കും''- കാവാലം പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന ഓമന പറയുന്നു. ചങ്ങാടത്തിലോ വളളത്തിലോ കേറി വേണം പൈപ്പിനടുത്തെത്താന്‍. ആദ്യമെത്തുന്ന ചിലര്‍ക്കേ വെളളം കിട്ടൂ.

കുട്ടനാട്ടില്‍ വെളളമെത്തിക്കാന്‍ വേണ്ടി പ്രത്യേകമായി സ്ഥാപിച്ച കുട്ടനാട് വാട്ടര്‍ അതോറിട്ടിയുടെ ആസ്ഥാനം പത്തനംതിട്ട ജില്ലയിലെ തിരുവല്ലയാണ്. എന്നാല്‍, തിരുവല്ല-ചങ്ങനാശേരി മുനിസിപ്പാലിറ്റികളിലുംസമീപ പഞ്ചായത്തുകളിലും വിതരണം ചെയ്തതിന്റെ ബാക്കി വെളളമാണ് കുട്ടനാട്ടിലെത്തുന്നത്. തിരുവല്ല ടാങ്കിലെ വെളളം കൈനകരിയിലോ കാവാലത്തോ എത്തുമ്പോഴേക്കും നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുന്നു.

ടാപ്പുകളില്ലാത്ത കൈനകരിയും ടാപ്പുകളുളള കാവാലവും പോലെ കുടിക്കാന്‍ ശുദ്ധജലമില്ലാതെ കഷ്ടപ്പെടുന്ന മറ്റു പല ഗ്രാമങ്ങളും കുട്ടനാട്ടിലുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പളളി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ ഏഴ് താലൂക്കുകളിലെ 54 വില്ലേജുകളിലെല്ലാം കുടിവെളളത്തിന്റെ കാര്യത്തില്‍ ഏറിയോ കുറഞ്ഞോ ഇതു തന്നെയാണവസ്ഥ. വേമ്പനാട്ടു കായലിന്റെ കൈവഴികളായ തോടുകളെയാണ് ഭൂരിഭാഗം പേരും കുടിവെളളത്തിനു വേണ്ടി ആശ്രയിക്കുന്നത്.

കുട്ടനാട്ടിന്റെ മനോഹരമായ ദൃശ്യങ്ങള്‍ക്കിടയില്‍ ബോട്ടൊന്ന് നിറുത്തി കരയിലേക്ക് ഇറങ്ങിയാല്‍ കാണുന്നത് മറ്റെവിടെയും കാണാത്തത്ര ദുസഹമായ കാഴ്ചകളാണ്. കായലിന്റെ കൈവഴിയായി നീണ്ടുകിടക്കുന്ന കൊച്ചുകൊച്ചു തോടുകളുടെ ഓരത്ത് ചാക്കുകൊണ്ട് മറച്ച കക്കൂസുകള്‍. മനുഷ്യ വിസര്‍ജ്യം കലര്‍ന്ന വെളളത്തില്‍ അവര്‍ കുളിക്കുന്നു, അലക്കുന്നു. അതേ വെളളം കുടിക്കാന്‍ വീട്ടിലേക്കെടുക്കുന്നു. തിളപ്പിച്ചാല്‍ മാലിന്യം പോകുമെന്ന വിശ്വാസത്തില്‍ ചിലര്‍ തിളപ്പിച്ചും, അതുകൊണ്ടൊന്നും കാര്യമില്ലെന്ന ബോധ്യത്തില്‍ മറ്റുളളവര്‍ തിളപ്പിക്കാതെയും ഇതേ വെളളം കുടിക്കുന്നു. സ്വന്തം വിസര്‍ജ്യം മാത്രമല്ല, പുറംനാട്ടില്‍ നിന്നെത്തി ഹൗസ് ബോട്ടുകളില്‍ കായല്‍യാത്ര നടത്തുന്നവരുടെ വിസര്‍ജ്യം കൂടി കലര്‍ന്ന വെളളം കുടിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ കുട്ടനാട്ടുകാര്‍ക്കുളളത്. ഇക്കോ ടൂറിസം എന്ന പേരില്‍ ആലപ്പുഴക്കും കുമരകത്തിനുമിടയില്‍ 300ല്‍പരം ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മുഴക്കോല്‍ ഊന്നി പോകുന്ന പഴയ കെട്ടുവളളങ്ങളാണ് വിനോദ സഞ്ചാരികള്‍ക്കിഷ്ടമെങ്കിലും ഈ ബോട്ടുകളെല്ലാം ഓവര്‍ബോര്‍ഡ് എന്‍ജിനുകള്‍ ഘടിപ്പിച്ചാണ് ഓടുന്നത്. ഇവയില്‍ നിന്നുളള എണ്ണയും സഞ്ചാരികളുടെ വിസര്‍ജ്യവും നേരെ കായലിലേക്ക് ഒഴുക്കി വിടുകയാണ്. ഇതിനു പുറമെ ആലപ്പുഴ, കോട്ടയം, തിരുവല്ല, ചങ്ങനാശേരി, വൈക്കം എന്നീ നഗരങ്ങളില്‍ നിന്നുളള ചപ്പുചവറുകളും കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ നിന്നുളള മാലിന്യങ്ങളും ഇതേ വെളളത്തിലേക്ക് തന്നെയാണ് വന്നു ചേരുന്നത്.

പാടശേഖരങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികളും മറ്റു രാസവളങ്ങളും കുട്ടനാട്ടിലെ തോടുകളില്‍ വലിയ തോതില്‍ കലരുന്നുണ്ട്. പ്രതിവര്‍ഷം 500 ടണ്‍ രാസവളങ്ങള്‍ കുട്ടനാട്ടിലെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. മാരക കീടനാശിനിയായ ഡി.ഡി.റ്റിയുടെ ഉപയോഗം കേരളത്തില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടനാട്ടിലെ കൃഷിയിടങ്ങളില്‍ ഇപ്പോഴും ഡി.ഡി.റ്റി തളിക്കുന്നുണ്ടെന്ന് കൊച്ചി സര്‍വകലാശാലയിലെ പരിസ്ഥിതി വിഭാഗം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഡി.ഡി.റ്റി ഉല്‍പാദിപ്പിക്കുന്ന ഒരേയൊരു ഫാക്ടറിയായ കൊച്ചി ഉദ്യോഗമണ്ഡലിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡില്‍ നിന്നു കുട്ടനാട്ടിലേക്ക് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 30 കാന്‍ ഡി.ഡി.റ്റി കഴിഞ്ഞ വര്‍ഷം പോലീസ് പിടികൂടിയിരുന്നു. ഡി.ഡി.റ്റിക്ക് പുറമെ വിഷാംശത്തിന്റെ കാര്യത്തില്‍ അതിനോട് ചേര്‍ത്തുവയ്ക്കാവുന്ന പി.എച്ച്.സി ഉള്‍പ്പെടെയുളള ഒട്ടേറെ കീടനാശിനികള്‍ കുട്ടനാട്ടില്‍ ഉപയോഗിക്കുന്നതായി കായലിലെ ജലപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

കുടിവെളളത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും അപകടസാധ്യതയുളള മേഖലകളില്‍ ഒന്നാണ് കുട്ടനാടെന്ന് കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്(സി.ഡബ്ല്യു.ആര്‍.ഡി.എം) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ ഇ.കെ. ജയിംസ് പറയുന്നു: ""കുട്ടനാട്ടിലെ 80 ശതമാനം ആളുകളും കായലില്‍ നിന്ന് നേരിട്ടാണ് കുടിവെളളം എടുക്കുന്നത്. ഇവരില്‍ തന്നെ 30-40 ശതമാനം പേര്‍ തിളപ്പിക്കാതെയാണ് കുടിക്കുന്നത്''. സി.ഡബ്ല്യു.ആര്‍.ഡി.എം, കൊച്ചി സര്‍വകലാശാല സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള ശാസ്ത്ര പരിഷത്ത് തുടങ്ങിയവയെല്ലാം കുട്ടനാട്ടിലെ കായല്‍ജലത്തിലെ മലിനീകരണത്തിന്റെ തോത് തിട്ടപ്പെടുത്തിയിട്ടുണ്ട്. മനുഷ്യമലത്തില്‍ കൂടി വെളളത്തിലെത്തുന്ന ഇ-കോളൈ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് ഇത്തരം പഠനങ്ങളുടെ മാനദണ്ഡമാകാറുളളത്. തിളപ്പിക്കാതെ കുടിക്കുന്ന വെളളത്തില്‍ ഇത് ഒന്നുപോലും കാണരുതെന്നാണ് വിദഗ്ധഭിപ്രായം. തിളപ്പിച്ചു കുടിക്കുന്ന വെളളത്തിലും പാകം ചെയ്യുന്ന വെളളത്തിലും ഇത് 50ല്‍ താഴെയാകണം. കുളിക്കുന്ന വെളളത്തില്‍ നൂറു മില്ലിലിറ്ററില്‍ പരമാവധി 150 വരെയാകാം. എന്നാല്‍, കുട്ടനാട്ടിലെ വെളളത്തില്‍ ഇ-കോളെള ബാക്ടീരിയയുടെ അളവ് 1000ത്തിനും 38000നുമിടക്കാണ്. താരതമ്യേന ഒഴുക്കുളള മേഖലകളില്‍ ഇത് 5000ല്‍ താഴെ നില്‍ക്കുമ്പോള്‍ വേനല്‍ക്കാലത്ത് വെളളം കെട്ടിക്കിടക്കുന്ന മേഖലകളില്‍ ഇത് 15000 മുതല്‍ 38000 വരെയാകും. അതായത് തിളപ്പിച്ചു കുടിക്കുന്ന വെളളത്തില്‍പോലും അനുവദനീയമായതിന്റെ 200 ഇരട്ടിയോളം ബാക്ടീരിയ അടങ്ങിയിട്ടുണ്ട്! ""ശബരിമല തീര്‍ത്ഥാടന കാലത്ത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. 40 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഈ സമയത്ത് സന്നിധാനത്തെത്തുന്നത്. സീസണ്‍ കാലത്ത് മനുഷ്യ വിസര്‍ജ്യം കൊണ്ട് പമ്പ ഭീഷണമാംവിധം മലിനമാകാറുണ്ട്''- പമ്പ സംരക്ഷണ സമിതി ചെയര്‍മാന്‍ എന്‍.കെ. സുകുമാരന്‍ നായര്‍ പറയുന്നു. ഇവിടെ പമ്പാനദിയില്‍ നൂറു മില്ലിലിറ്ററില്‍ രണ്ടുലക്ഷത്തോളം കോളിഫോം ബാക്ടീരിയ ഉണ്ടെന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക്. ഇതെല്ലാം ഒടുവില്‍ വന്നെത്തുന്നത് കുട്ടനാട്ടാണ്.

പകര്‍ച്ചവ്യാധികളും മഹാമാരികളും വിതക്കാനാണ് ഓരോ കാലവര്‍ഷവും കുട്ടനാട്ടിലെത്തുന്നത്. മഴക്കാലത്ത് അറബിക്കടലില്‍ തിരമാലകള്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ മൂന്നോ നാലോ ദിവസം അടുപ്പിച്ച് മഴ പെയ്താല്‍ കുട്ടനാട്ടില്‍ വെളളപ്പൊക്കം ഉറപ്പാണ്. പകുതിയിലധികം വീടുകളില്‍ ചുവരിന്റെ പകുതിയോളം വെളളം പൊങ്ങും. കോളറ, അതിസാരം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്, എലിപ്പനി, ഡങ്കിപ്പനി, ജപ്പാന്‍ ജ്വരം തുടങ്ങി കേരളത്തില്‍ പിടിപെടാറുളള എല്ലാ ജലജന്യ രോഗങ്ങളും തുടക്കം കുറിക്കുന്നത് കുട്ടനാട്ടില്‍ നിന്നായിരിക്കും. ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണക്കുകള്‍ പ്രകാരം രണ്ടായിരാമാണ്ടില്‍ 18576 പേരും കഴിഞ്ഞ വര്‍ഷം 19570 ആളുകളും ഛര്‍ദി അതിസാരം വന്ന് ആശുപത്രിയിലായി. ടൈഫോയ്ഡ് ബാധിച്ചു രണ്ടായിരാമാണ്ടില്‍ 256 പേരും കഴിഞ്ഞവര്‍ഷം 312 പേരും ചികിത്സ തേടിയെത്തി. എലിപ്പനി മൂലം രണ്ടായിരാമാണ്ടില്‍ ആശുപത്രിയിലായ 220 പേരില്‍ 15 പേര്‍ മരിച്ചു. ഈ വര്‍ഷം ജൂണ്‍ 30 വരെ എലിപ്പനി ബാധിച്ച് ആശുപത്രിയിലെത്തിയ 78 പേരില്‍ 13 പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു.

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കണക്കുകള്‍ കൂടി ചേര്‍ത്താലേ കുട്ടനാട്ടിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കൂ. ഈ മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 56 കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളിലെ കാന്‍സര്‍ വിഭാഗങ്ങളില്‍ കുട്ടനാട്ടില്‍ നിന്നെത്തുന്ന ഉദാരാര്‍ബുദ രോഗികളുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വികസനത്തിന്റെ വികല മാതൃകകള്‍ കുട്ടനാട് വികസന അതോറിട്ടിയുടെ രൂപവല്‍കരണം മുതല്‍ ഇടുക്കിയില്‍ നിന്നു കുടിവെളളമെത്തിക്കാനുളള പദ്ധതികള്‍ വരെ കുട്ടനാട്ടിന് വേണ്ടി ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവയില്‍ ചിലത് മാത്രം സ്വീകരിച്ചു. സ്വീകരിച്ചവയില്‍ ചിലത് മാത്രം നടപ്പാക്കി. ചിലത് പാതി വഴിയില്‍ ഉപേക്ഷിച്ചു. ചിലത് ഇടയ്ക്കുവച്ചു തന്നിഷ്ടം പോലെ മാറ്റിമറിച്ചു. ഇങ്ങനെ മാറ്റിമറിക്കപ്പെട്ട മൂന്നു പദ്ധതികളാണ് തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പളളി സ്പില്‍വേയും ആലപ്പുഴ-ചങ്ങനാശേരി റോഡും.

കുട്ടനാട്ടിലെ വെളളപ്പൊക്കം ഒഴിവാക്കാന്‍ പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികള്‍ ചേരുന്ന കായല്‍ ഭാഗത്ത്‌നിന്നു കടലിലേക്ക് ചാല് കീറണമെന്ന നിര്‍ദേശ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ ശക്തമായിരുന്നു. 1937ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് ഇറ്റാലിയന്‍ എന്‍ജിനീയര്‍മാര്‍ ആലപ്പുഴക്ക് തൊട്ടുവടക്ക് ആര്യാട്ട് വേമ്പനാട്ടുകായലില്‍ നിന്ന് വെളളം കടലിലേക്ക് ഒഴുക്കിവിടാനായി ചാല് കീറാന്‍ നിര്‍ദേശിച്ചു. 1951ല്‍ ചാലിന്റെ പണി തുടങ്ങിയത് പക്ഷേ, 20 കിലോമീറ്റര്‍ തെക്ക് തോട്ടപ്പളളിയിലാണ്. കാലവര്‍ഷം ഏറ്റവും ശക്തമാകുന്ന ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ സെക്കന്റില്‍ 57600 ഘനമീറ്റര്‍ വെളളം കായലില്‍ എത്തുന്നു. ഇതില്‍ 19000 ഘനമീറ്റര്‍ സ്പില്‍വേ വഴി ഒഴുക്കി വിടാമെന്ന് കണക്കാക്കിയിരുന്നെങ്കിലും 1955ല്‍ ചാല് തുറന്നപ്പോള്‍ പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്നില്‍ താഴെ വെളളം മാത്രമാണ് കടലിലേക്ക് പോയത്. ""ഏറ്റവും അനുചിതമായ സ്ഥലത്താണ് സ്പില്‍വേ സ്ഥാപിച്ചത്. വര്‍ഷകാലത്ത് തിരയടിച്ചു കടല്‍വെളളത്തിന്റെ വിതാനം ഉയരുമെന്നോ മഴക്കാലത്ത് വേമ്പനാട്ടുകായലിലെ ജലവിതാനത്തിലുണ്ടാകുന്ന മാറ്റങ്ങളോ ഒന്നും സ്പില്‍വേ നിര്‍മിക്കുമ്പോള്‍ പരിഗണിച്ചില്ല. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികള്‍ മിക്കവാറും വടക്കോട്ടാണ് ഒഴുകുന്നതെന്ന വസ്തുതപോലും പരിഗണിക്കാതെയാണ് തോട്ടപ്പളളിയിലെ ചാല് കീറിയത്''- കുട്ടനാട്ടിന്റെ പരിസ്ഥിതിയെ കുറിച്ചു പഠനം നടത്തിയ ഡോ. ജോണ്‍ മത്തായി പറയുന്നു. ഇപ്പോള്‍ ഒഴുക്കില്ലാത്ത സ്പില്‍വേയുടെ ഭാഗത്ത് അടിഞ്ഞുകൂടുന്ന മണ്ണ് മാറ്റാന്‍ 1500നും 2000ത്തിനുമിടക്ക് നാട്ടുകാര്‍ വര്‍ഷത്തിലൊരിക്കല്‍ അധ്വാനിക്കേണ്ടി വരുന്നു. സ്പില്‍വേയുടെ 40 ഗേറ്റുകളില്‍ ഒട്ടുമിക്കതും തുരുമ്പെടുത്ത് ദ്രവിച്ചു കഴിഞ്ഞു. കടലിലേക്ക് വെളളം ഒഴുക്കിവിടാന്‍ സ്ഥാപിച്ച ചാലിലൂടെ, കടലില്‍ നിന്ന് ഉപ്പുവെളളം തിരിച്ചു കയറാതിരിക്കാന്‍ മണല്‍ച്ചാക്കുകളുമായി കാവലിരിക്കുകയാണ് കുട്ടനാട്ടുകാരിപ്പോള്‍.

ഇതേ പിടിപ്പുകേടാണ് ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ കാര്യത്തിലും സംഭവിച്ചത്. കായലുകളിലൂടെയും തോടുകളിലൂടെയും കൈത്തോടുകളിലൂടെയുമായി കുട്ടനാട്ടിന്റെ എല്ലാ ഭാഗത്തും ഒരു കാലത്ത് ജലഗതാഗതം സാധ്യമായിരുന്നു. ആലപ്പുഴ-ചങ്ങനാശേരി റോഡ് വന്നതോടെ ഈ തോടുകളില്‍ പലതും പലയിടത്തായി മുറിഞ്ഞു. മുഖ്യറോഡിലേക്ക് എത്തിപ്പെടാന്‍ തോടുകള്‍ക്കും വയലുകള്‍ക്ക് കുറുകെ നൂറുകണക്കിന് ചെറിയ റോഡുകള്‍ വെട്ടി. എപ്പോഴും തിരയിളകിക്കൊണ്ടിരുന്ന കുട്ടനാട്ടിലെ ജലപ്പരപ്പ് അതോടെ നിശ്ചലമായി. ഒഴുക്കില്ലാതെ കെട്ടിക്കിടന്നു മലിനമായി.

ബണ്ടും പരിസ്ഥിതിയും

വേനല്‍കാലത്ത് വേമ്പനാട്ടുകായലില്‍ ജലനിരപ്പ് താഴുമ്പോള്‍ കടലില്‍ നിന്നു തളളിക്കയറുന്ന ഉപ്പുവെളളം തടഞ്ഞു നെല്ലുല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1975ല്‍ വൈക്കത്തിനു സമീപം തണ്ണീര്‍മുക്കം ബണ്ട് സ്ഥാപിച്ചത്. ഓരുവെളളം തടഞ്ഞതിലൂടെ പുഞ്ചകൃഷി ഒരു പരിധിവരെ പ്രോത്സാഹിപ്പിക്കാന്‍ ബണ്ട് നിര്‍മാണത്തിലൂടെ കഴിഞ്ഞുവെങ്കിലും തണ്ണീര്‍മുക്കം ബണ്ട് കുട്ടനാടിന്റെ അതിലോലമായ ആവാസവ്യവസ്ഥയെ തീര്‍ത്തും തകര്‍ക്കുകയാണ് ചെയ്തത്. ""ഓരുവെളളം കയറിയിറങ്ങുന്നത് ഒരു ശുദ്ധീകരണ പ്രക്രിയയാണ്. മാത്രമല്ല, മത്സ്യങ്ങളുടെ പ്രജനനത്തിന് ഉപ്പുവെളളം അനിവാര്യമാണുതാനും. ബണ്ട് കെട്ടി ഉപ്പുവെളളം പൂര്‍ണമായി തടഞ്ഞത് മത്സ്യസമ്പത്ത് ഗണ്യമായ തോതില്‍ ക്ഷയിക്കാന്‍ കാരണമായിട്ടുണ്ട്. വെളളം കെട്ടിക്കിടന്ന് മലിനമാകാനും കായലിലും തോടുകളിലും പായല്‍ പടര്‍ന്നുപിടിക്കാനും ഇതു കാരണമായിട്ടുണ്ട്''. 1989-90ല്‍ കുട്ടനാട്ട് ജലതുലന പഠനം നടത്തിയ ഇന്‍ഡോ-ഡച്ച് ടീമിലെ ഫിഷറീസ് വിദഗ്ധന്‍ പ്രൊഫസര്‍ ബി. മധുസൂദനക്കുറുപ്പ് പറയുന്നു.

ബണ്ട് നിര്‍മാണം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും രൂക്ഷമായ കുടിവെളള ക്ഷാമത്തിനും വഴിവെക്കുമെന്ന്, നെല്‍കൃഷി വര്‍ധിപ്പിക്കാന്‍ ബണ്ട് നിര്‍മിക്കാവുന്നതാണെന്ന് ശിപാര്‍ശ ചെയ്ത വൈദ്യനാഥന്‍ കമ്മിറ്റി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പുറമെ ബണ്ട് നിര്‍മിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചില കര്‍ഷകര്‍ അന്‍പതുകളുടെ തുടക്കത്തില്‍ മലയാള പത്രങ്ങളില്‍ എഴുതിയിരുന്നു. ""ഇതെല്ലാം അവഗണിച്ചാണ് ബണ്ട് നിര്‍മാണം നടത്തിയത്. മാത്രമല്ല, ബണ്ട് നിര്‍മിച്ചതിലും അപാകതകളുണ്ട്. ബണ്ടിന്റെ ഇരുവശങ്ങളിലും മാത്രം ഷട്ടര്‍ വെച്ചു മധ്യഭാഗം പൂര്‍ണമായി അടയ്ക്കുകയാണ് ചെയ്തത്-'' കേരള ശാസ്ത്രപരിഷത്തിന്റെ മുന്‍ പ്രസിഡന്റ് പ്രൊഫസര്‍ എം.കെ. പ്രസാദ് പറയുന്നു. നിര്‍മാണത്തില്‍ മനഃപൂര്‍വം വരുത്തിയ ഈ പിഴവ് അന്നു മന്ത്രിയായിരുന്ന ടി.കെ. ദിവാകരന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

തണ്ണീര്‍മുക്കം ബണ്ടിന്റെ കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനമെടുക്കുന്നതിനുപകരം വേനല്‍ക്കാലത്ത് ഓരുവെളളം കയറുമ്പോള്‍ തോണികളില്‍ വെളളമെത്തിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. "" ഒരു കുടുംബത്തിന് മൂന്നു ദിവസത്തേക്ക് 20 ലിറ്റര്‍ വെളളമാണ് കഴിഞ്ഞവര്‍ഷം തന്നത്. ഒരു കുടം വെളളം കൊണ്ട് ഒരു കുടുംബത്തിനു രണ്ടുമൂന്ന് ദിവസം കഴിയാനാകുമോ?''- കൈനകരിയിലെ വീട്ടമ്മ ഷേര്‍ലി ചോദിക്കുന്നു. വഞ്ചിയില്‍ വെളളമെത്തിക്കേണ്ട ചുമതല അതത് വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. പലപ്പോഴും നാട്ടുകാരില്‍ നിന്നു പണം കടം വാങ്ങിയാണ് ഓഫീസര്‍മാര്‍ വെളളമെത്തിക്കുക. 1991ലെ വരള്‍ച്ച കാലത്ത് കൈനകരിയില്‍ കുടിവെളളമെത്തിച്ച വകയില്‍ തനിക്ക് ഇപ്പോഴും രണ്ടുലക്ഷം രൂപ സര്‍ക്കാരില്‍ നിന്നു കിട്ടാനുണ്ടെന്ന് 22 വര്‍ഷം കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വില്ലേജ് ഓഫീസറായിരുന്ന കാവാലം സ്വദേശി വിശ്വംഭരന്‍ നായര്‍ പറയുന്നു.

രൂക്ഷമായ കുടിവെളളക്ഷാമത്തിനും മത്സ്യസമ്പത്തിന്റെ ക്ഷയത്തിനും കാരണമായ തണ്ണീര്‍മുക്കം ബണ്ട് കര്‍ഷകത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ ഭിന്നിപ്പിനും വഴിവെച്ചിരിക്കുന്നു. ബണ്ട് തുറക്കുന്നതിന്റെ പേരില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ കൈയേറ്റം വരെ നടക്കുന്നത് പതിവു സംഭവമായിരിക്കുന്നു. കര്‍ഷകത്തൊഴിലാളികള്‍ ഒരു വശത്തും മത്സ്യത്തൊഴിലാളികള്‍ മറുവശത്തും അണിനിരക്കുന്ന പ്രശ്‌നത്തില്‍ നിന്നു തന്ത്രപൂര്‍വം തലയൂരാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.

കുട്ടനാട്ടിനു വേണ്ടി വികസന നയം രൂപപ്പെടുത്തിയവരാരും ഈ മേഖലയുടെ തനത് സവിശേഷതകള്‍ പരിഗണിച്ചില്ല. ആലപ്പുഴ, കോട്ടയം പോലുളള നഗരങ്ങള്‍ക്ക് പറ്റിയത് കുട്ടനാടിനും ചേരുമെന്ന് അവര്‍ നിശ്ചയിച്ചു. ഗ്രാമീണ ആസൂത്രണം നടപ്പാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനവും ഇതില്‍ കാര്യമായി ഒന്നും ചെയ്തില്ല. പാഴായിപ്പോകുന്ന മഴവെളളം സംഭരിക്കുക മാത്രമാണ് ഇന്നത്തെ അവസ്ഥയില്‍ കുട്ടനാട്ടിനു ചേര്‍ന്ന പോംവഴിയെന്ന് ഈ മേഖലയെ അറിയാവുന്നവര്‍ പറയുന്നു. എന്നാല്‍, പുതിയ രീതികള്‍ ഏറ്റെടുത്ത് നടപ്പാക്കേണ്ട പഞ്ചായത്തുകള്‍ ഇപ്പോഴും ആലോചിക്കുന്നത് പൈപ്പുകളെയും ടാപ്പുകളെയും കുറിച്ചു മാത്രമാണ്. കൈനകരി ഗ്രാമപഞ്ചായത്തിലെ പുതിയ വികസനരേഖ നോക്കുക. കുടിവെളള ക്ഷാമം തീര്‍ക്കാനുളള മാര്‍ഗങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്:

ഠ കൈനകരിയിലെ വാട്ടര്‍ ടാങ്കിലേക്ക് തിരുവല്ലയില്‍ നിന്ന് വെളളമെത്തിക്കുക.

ഠ ഉപയോഗശൂന്യമായ ടാപ്പുകള്‍ മാറ്റുക

ഠ പൈപ്പ് ലൈനുകള്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ അവ സ്ഥാപിക്കുക

ഠ നെടുമുടി-ചവറ റോഡില്‍ പൈപ്പിടുക.

"കൈനകരിയിലും കാവാലത്തും റോഡ് വെട്ടുന്നതുപോലും നടക്കാനല്ല; പൈപ്പിടാനാണ്. കുട്ടനാട്ടില്‍ ഒരിക്കലും സാധ്യമല്ലാത്ത വികസന രീതിയാണിത്. ഇത്തരം വികലമായ വികസന സങ്കല്‍പ്പങ്ങള്‍ മാറ്റിയാലേ കുട്ടനാട്ടുകാര്‍ക്ക് മഴവെളള സംഭരണികള്‍ക്ക് തുടക്കമിട്ട കുട്ടനാട് വികസന സമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ. തോമസ് പീലിയാനിക്കല്‍ പറയുന്നു.

കുടിവെളളവും കൃഷിയുമടക്കം കുട്ടനാട്ടിലെ വികസന പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കേരളപ്പിറവിക്ക് ശേഷം 30ഓളം കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവയില്‍ ചിലത് ഡച്ച് സര്‍ക്കാരിന്റെ സാങ്കേതിക സഹകരണത്തോടെയുമായിരുന്നു. അത്തരം സമിതികളിലൊന്നും കുട്ടനാടിന്റെ സവിശേഷ പരിസ്ഥിതി അറിയുന്ന ആരും ഉണ്ടായിരുന്നില്ല. ""ഹോളണ്ടിലെ വികസന മാതൃകകള്‍ ഇവിടെ അവതരിപ്പിക്കാനാണ് ഈ കമ്മീഷനുകളൊക്കെ ശ്രമിച്ചത്. സാങ്കേതികമായി അവര്‍ പറയുന്നത് ശരിയായിരിക്കും. ഹോളണ്ടിലും കുട്ടനാട്ടിലെപ്പോലെ കൃഷി സമുദ്രനിരപ്പിനു താഴെയാണ് എന്നത് ശരി തന്നെ. സാമ്യങ്ങള്‍ അവിടെ അവസാനിക്കുന്നു. കുട്ടനാടിലെ പരിസ്ഥിതി, കാലാവസ്ഥ, മണ്ണ് എല്ലാം വ്യത്യസ്തമാണ്. വിദഗ്ധര്‍ പക്ഷേ, ഇതൊന്നും ഗൗനിക്കുന്നില്ല''- ഡോ. ജോണ്‍ മത്തായി പറയുന്നു.

തണ്ണീര്‍മുക്കം ബണ്ട് തുറന്നിട്ടുകൊണ്ടും കുട്ടനാട്ടിലെ സ്വാഭാവിക പരിസ്ഥിതി നിലനിറുത്തിക്കൊണ്ടുമുളള വികസന രീതി മാത്രമേ സാധ്യമാകൂ എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

ഒരു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ബണ്ട് തുറന്നിടുകയെന്ന നിര്‍ദേശവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. അതേസമയം, കുട്ടനാട്ടിലെ സ്വാഭാവിക ജലസ്രോതസുകള്‍ സംരക്ഷിക്കാതെയുളള ഏതൊരു വികസന രീതിയും തിരിച്ചടിയാകും.

Post your comments.

Name:

Email:
(optional):

Please enter
your comments:

The Quest Features and Footage
30/1896, Sarvamangala, MLA Road, Post Chevayur, Kozhikode 673017, Kerala, India
email: info@questfeatures.org