| പരിസ്ഥിതി |
09/09/2008

പക്ഷേ, നിരക്ഷരതയെക്കാള്‍ വലിയ മറ്റൊരു പ്രശ്‌നത്തിലായിരുന്നു ഭീക്കാംപുര നിവാസികള്‍- അതിരൂക്ഷമായ ജലക്ഷാമം. വെളളം കിട്ടാതെ വരണ്ടുണങ്ങി വിണ്ടുകീറിയ ഭൂമി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഫലഭൂയിഷ്ടമായിരുന്ന സാരാവലി നദീതടം തീര്‍ത്തും തരിശായി കഴിഞ്ഞിരുന്നു. ഒരു കുടം വെളളത്തിനുവേണ്ടി കത്തിക്കാളുന്ന വെയിലില്‍ സ്ത്രീകള്‍ മൈലുകള്‍ താണ്ടി. വെളളമില്ലാതെ വിളകള്‍ നശിക്കുന്നത് പതിവായതോടെ ചെറുപ്പക്കാര്‍ കൃഷി ഉപേക്ഷിച്ച് പുതിയ ഉപജീവനമാര്‍ഗം തേടി വിദൂര സ്ഥലങ്ങളിലേക്ക് കുടിയേറി. ഗ്രാമങ്ങളില്‍ വൃദ്ധരും കുട്ടികളും സ്ത്രീകളും മാത്രം അവശേഷിച്ചു. കൃഷി ചെയ്യാതായതോടെ മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെട്ടു. മരങ്ങളില്ലാത്ത ഭൂമിയില്‍ വല്ലപ്പോഴും പെയ്ത മഴയില്‍ മേല്‍മണ്ണ് കുത്തിയൊലിച്ചു. എനിക്ക് നല്ല ഓര്‍മയുണ്ട്. ഒരു പുല്‍ക്കൊടി പോലും ആ പ്രദേശത്തൊന്നും ഉണ്ടായിരുന്നില്ല. ദാഹിച്ചുവലഞ്ഞ് ചത്തുവീണ കന്നുകാലികളുടെ ഈച്ചയാര്‍ക്കുന്ന ജഡങ്ങള്‍ പലയിടങ്ങളിലായി കിടന്നു. ഓരോ ദിവസത്തെയും എങ്ങനെയെങ്കിലും അതിജീവിക്കേണ്ട ഗതികേടിലായിരുന്നു ഗ്രാമീണര്‍.
അതിനിടയിലായിരുന്നു ഞങ്ങളുടെ സാക്ഷരതാ പ്രവര്‍ത്തനം. ഒരു ദിവസം മങ്കുപട്ടേല്‍ എന്ന വൃദ്ധനായ ഗ്രാമീണന്‍ ഞങ്ങളെ അടുത്തുവിളിച്ചു. നീരസത്തോടെ പറഞ്ഞു: ""നോക്കൂ, ഞങ്ങള്‍ക്ക് നിങ്ങളുടെ സാക്ഷരതയൊന്നുമില്ല ഇപ്പോള്‍ വേണ്ടത്. വെളളമില്ലാതെ ഞങ്ങള്‍ വലയുന്നത് നിങ്ങള്‍ കാണുന്നില്ലേ. അതിനെന്തെങ്കിലും പോംവഴിയുണ്ടോ?'' വെളളം എവിടെനിന്ന് കിട്ടും? ഞങ്ങള്‍ തലപുകഞ്ഞാലോചിച്ചു. വെളളത്തെപ്പറ്റി ഒതു തുളളിയറിവ് പോലും എനിക്ക് അക്കാലത്തുണ്ടായിരുന്നില്ല.
ഒടുവില്‍ മങ്കുവമ്മാവന്‍ തന്നെ ഞങ്ങളുടെ സഹായത്തിനെത്തി. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് ആ പ്രദേശത്ത് ജൊഹാദുകള്‍-മണ്ണും കല്ലും വെച്ചുണ്ടാക്കുന്ന ചെറിയ അണ- നിര്‍മിച്ച് വെളളം സംഭരിച്ചിരുന്ന കാര്യം അദ്ദേഹം പറഞ്ഞു. മഴക്കാലത്ത് ചരിഞ്ഞ പ്രതലത്തിനു കുറുകെ മൂന്നുവശം വെളളം തടഞ്ഞുനിറത്തുന്ന ആ രീതി വളരെ ലളിതവും ചെലവു കുറഞ്ഞതുമായിരുന്നു. മഴക്കാലം കഴിയുമ്പോള്‍ ജൊഹാദുകളില്‍ കുളങ്ങളിലെന്നപോലെ വെളളം നില്‍ക്കുകയും ആ വെളളം ചുറ്റുമുളള മണ്ണിന് ഈര്‍പ്പം നല്‍കുകയും ചെയ്യും. ഗ്രാമത്തിലെ വൃദ്ധരായ പലരുടെയും മനസില്‍ ഇത്തരം അണകളെക്കുറിച്ചുളള ഓര്‍മകള്‍ മായാതെ കിടന്നിരുന്നു. ഞങ്ങള്‍ അവരോടൊക്കെ സംസാരിച്ചു. ഗ്രാമസഭകള്‍ വിളിച്ചുകൂട്ടി. ജലപ്രശ്‌നം നിരന്തരമായി ചര്‍ച്ച ചെയ്തു. ജലക്ഷാമം പരിഹരിക്കേണ്ടത് സര്‍ക്കാരാണെന്ന വികലമായ ധാരണ മാറിയതോടെ സ്വന്തം പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ ഗ്രാമീണര്‍ തയാറായി. ഗ്രാമത്തിലെ കാരണവന്മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജൊഹാദുകള്‍ വീണ്ടും നിര്‍മിച്ചു തുടങ്ങാമെന്ന് ധാരണയിലെത്തി. സ്ഥലത്തിന്റെ പ്രകൃതവും ഒഴുകിയെത്തുന്ന വെളളത്തിന്റെ അളവുമനുസരിച്ച് ഓരോ ജൊഹാദിനും എത്ര വലുപ്പം വേണമെന്ന് ഗ്രാമീണര്‍ തന്നെയായിരുന്നു നിശ്ചയിച്ചത്.
ഞങ്ങള്‍ സാക്ഷരതായജ്ഞം തല്‍ക്കാലം മാറ്റിവച്ചു. വെളളത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഗ്രാമീണര്‍ തയാറായിരുന്നു. അവരുടെ ആവശ്യങ്ങളില്‍ ഊന്നിക്കൊണ്ട് അവരുടെ മാത്രം നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തനം. കുടിവെളള പ്രശ്‌നം പരിഹരിക്കുന്നതിനു ചെറുവിരല്‍ പോലും അനക്കാതിരുന്ന പ്രാദേശിക ഭരണസമിതികളെ ജനങ്ങള്‍ പാടെ അവഗണിച്ചു. ജൊഹാദു നിര്‍മാണത്തിനുളള മണ്ണും കല്ലും അവര്‍ തന്നെ ശേഖരിച്ചു.
മൂന്നുവര്‍ഷം കൊണ്ടാണ് ഞങ്ങള്‍ ആദ്യത്തെ ജൊഹാദിന്റെ പണി പൂര്‍ത്തിയാക്കിയത്. നാലാമത്തെ വര്‍ഷം 50 ജൊഹാദുകള്‍ നിര്‍മിച്ചു. അതിനടുത്ത വര്‍ഷം ഗ്രാമീണര്‍ നൂറ് അണകള്‍ നിര്‍മിച്ചു. ആയിരത്തി അറുപതോളം ഗ്രാമങ്ങളിലായി അയ്യായിരത്തിലേറെ അണകള്‍ ഇതിനകം നിര്‍മിച്ചുകഴിഞ്ഞു. അണനിര്‍മാണത്തിന്റെ സാങ്കേതികത ചര്‍ച്ച ചെയ്യാന്‍ ഒരു എന്‍ജിനീയറെപ്പോലും ഞങ്ങള്‍ കണ്ടില്ല. നാട്ടറിവുകളെ മാത്രമാണ് ആശ്രയിച്ചത്. അണകളുടെ നിര്‍മാണച്ചെലവും സംരക്ഷണ ചുമതലയും ഗ്രാമീണര്‍ പൂര്‍ണമായി ഏറ്റെടുത്തു. ഓരോ തീരുമാനവും അതത് സ്ഥലത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചായിരുന്നു.

വെളളം ഗ്രാമീണരുടെ വ്യക്തിജീവിതത്തില്‍ മാത്രമല്ല മാറ്റങ്ങളുണ്ടാക്കിയത്. സ്വന്തം പ്രശ്‌നം പരിഹരിക്കാന്‍ സ്വയം മുന്നിട്ടിറങ്ങിയതോടെ ഗ്രാമീണര്‍ക്കിടയില്‍ സാമൂഹികബോധം വര്‍ധിച്ചു. അനീതികള്‍ക്കെതിരേ പോരാടാന്‍ ഒന്നിച്ചുനില്‍ക്കേണ്ടത് ആവശ്യമാണെന്ന് അവര്‍ സ്വയം മനസിലാക്കി. കാര്‍പെറ്റ് നിര്‍മാണശാലകളില്‍ കുറഞ്ഞ കൂലിക്ക് കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിനെതിരേയും വനഭൂമിയില്‍ ഖനനം നടത്താനും സുപ്രീംകോടതി വരെ പോകാനും ഗ്രാമനിവാസികള്‍ തയാറായി. മാത്രമല്ല, സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി സ്വയം അച്ചടക്കം പാലിക്കാനും അവര്‍ സന്നദ്ധരായി. വനനശീകരണത്തിനും വന്യമൃഗങ്ങളെ വേട്ടയാടുന്നതിനും മദ്യപാനത്തിനുമെതിരേ ജനങ്ങള്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കി. ഗ്രാമസഭകള്‍ സജീവമായി. സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ഓരോരുത്തരും താല്‍പര്യം കാട്ടി തുടങ്ങിയതോടെ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സാമൂഹിക ജീവിതം കൂടുതല്‍ മെച്ചപ്പെട്ടു.
ജനങ്ങളുടെ മുന്‍ഗണനകള്‍ എന്തെല്ലാമാണെന്ന് നിശ്ചയിക്കേണ്ടത് സര്‍ക്കാരല്ല, ജനങ്ങള്‍ തന്നെയായിരിക്കണം. അത് നേടിയെടുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും വേണം. സര്‍ക്കാര്‍ കോടികള്‍ മുടക്കി പലതരം വികസന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ആരെ ഉദ്ദേശിച്ചാണോ അവ നടപ്പാക്കുന്നത് അവര്‍ക്ക് ഈ പദ്ധതികളുടെ ഗുണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പലപ്പോഴും സര്‍ക്കാരിന് കഴിയാറില്ല. പണം ചെലവഴിക്കുന്നതിനാണ് മിക്കപ്പോഴും ഊന്നല്‍ നല്‍കുന്നത്. ജലസംഭരണവും വിതരണവും സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍, അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വലിയ താല്‍പര്യമൊന്നും കാണിക്കാറില്ല. പദ്ധതികളുടെ ഗുണഭോക്താക്കള്‍ പ്രസ്തുത ഉദ്യോഗസ്ഥരല്ല എന്നതുതന്നെ പ്രധാന കാരണം. മറിച്ച്, ജലസംഭരണത്തിന്റെയും വിതരണത്തിന്റെയും ജലവിഭവ വികസനത്തിന്റെയും പരിപാലനത്തിന്റെയും ചുമതല അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് തന്നെയാണെങ്കില്‍ അവരത് ഭംഗിയായി നിര്‍വഹിക്കുമെന്നാണ് ഞങ്ങളുടെ അനുഭവം തെളിയിക്കുന്നത്. ഇത്തരം പദ്ധതികളില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയാല്‍ മാത്രം പോരാ. ഉടമസ്ഥത കൂടി അവര്‍ക്കുണ്ടായിരിക്കണം. ഞങ്ങളുടെ നദികള്‍ ഉണര്‍ന്നെഴുന്നേറ്റ് വീണ്ടും ഒഴുകിത്തുടങ്ങിയപ്പോള്‍ അവയുടെ ഉടമസ്ഥതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു. പക്ഷേ ജനങ്ങള്‍ വിട്ടുകൊടുത്തില്ല. നദികളില്‍ നിന്ന് മീന്‍ പിടിക്കാന്‍ സര്‍ക്കാരില്‍ നിന്ന് കരാര്‍ നേടിയെടുത്ത വ്യക്തിയെ ജനങ്ങള്‍ തുരുത്തിയോടിച്ചു. വെളളമുണ്ടാക്കിയത് ഞങ്ങളാണെങ്കില്‍ വെളളത്തിന്റെ ഉടമസ്ഥതയും ഞങ്ങള്‍ക്കാണ് എന്നതായിരുന്നു ജനങ്ങളുടെ നിലപാട്. ഇപ്പോഴും അതേ നിലപാടില്‍ തന്നെ അവര്‍ ഉറച്ചു നില്‍ക്കുകയാണ്.
ജലയാഥാര്‍ത്ഥ്യങ്ങള്‍
ഠ ലോകത്തിലാകെ ലഭ്യമായ ജലത്തിന്റെ അരശതമാനത്തില്‍ കുറവേ ശുദ്ധജലമുളളൂ.
ഠ ലോകജനതയുടെ 100 കോടിയിലധികം പേര്‍ക്ക് ശുദ്ധമായ കുടിവെളളം ലഭിക്കുന്നില്ല. 240 കോടിയലധികം പേര്‍ക്ക് ആവശ്യമായ ശുചീകരണ സൗകര്യങ്ങളില്ല.
ഠ മലിനജലം കുടിക്കാനുപയോഗിച്ച് വര്‍ഷാവര്‍ഷം 50 ലക്ഷത്തിലധികം പേര്‍ മരിക്കുന്നു. ഇവരിലേറെയും കുട്ടികളത്രെ.
ഠ ഇരുപത് വര്‍ഷംതോറും ലോകത്തിലെ ജലഉപഭോഗം ഇരട്ടിയായി വര്‍ധിക്കുന്നു. ലോകജനസംഖ്യാ വര്‍ധനവിന്റെ രണ്ടിരട്ടി നിരക്കാണിത്.
ഠ ജലവിനിയോഗവും ജലമലിനീകരണവും ഇന്നത്തെ അവസ്ഥയില്‍ തുടര്‍ന്നാല്‍ 2025 ആവുമ്പോഴേക്ക് ഇപ്പോള്‍ ലഭ്യമായ ശുദ്ധജലത്തിന്റെ ഇരട്ടിയലധികം ആവശ്യമായി വരും. അപ്പോള്‍, ലോകജനതയുടെ മുന്നില്‍ രണ്ടു ശതമാനത്തിന് ശുദ്ധജലം ലഭ്യമല്ലാതാവും.
ഠ അന്താരാഷ്ട്ര തലത്തില്‍ ജലസ്വകാര്യവല്‍കരണം വര്‍ഷത്തില്‍ 40,000 കോടി ഡോളറിന്റെ കച്ചവടമാണ്. ഔഷധ വ്യാപാരമേഖലയില്‍ ചെലവഴിക്കുന്നതിനെക്കാള്‍ മൂന്നിലൊന്ന് കൂടുതലാണിത്.
ഠ അമേരിക്കയില്‍ മാത്രം സ്വകാര്യ ജല കോര്‍പറേഷനുകള്‍ വര്‍ഷത്തില്‍ നൂറുകോടി ഡോളറിലധികം വരുമാനമുണ്ടാക്കുന്നു. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ മേഖലയിലെ വാര്‍ഷിക വില്‍പനയെക്കാള്‍ നാലിരട്ടിയാണിത്.
ഠ ലോകത്തിലെ വെളളത്തിന്റെ മുഴുവന്‍ നിയന്ത്രണവുമേറ്റെടുക്കുന്നതിനായി പത്ത് ഭീമന്‍ കമ്പനികള്‍ മത്സരിച്ചു കൊണ്ടിരിക്കുന്നു.(മൂന്ന് ഫ്രഞ്ച് കമ്പനികള്‍, ഒരു അമേരിക്കന്‍ കമ്പനി, ഒരു ജര്‍മന്‍ കമ്പനി, അഞ്ച് യൂറോപ്യന്‍ കമ്പനികള്‍).
The Quest Features and Footage
30/1896, Sarvamangala, MLA Road, Post Chevayur, Kozhikode 673017, Kerala, India
email: info@questfeatures.org